NRI
അബുദാബി: ഇന്റർനാഷണൽ നഴ്സസ് ഡേയോട് അനുബന്ധിച്ചു അബുദാബി സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ എല്ലാ നഴ്സുമാരെയും ആദരിച്ചു. ഇടവക മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്.
ഇടവക വികാരി റവ.ഫാ. ലിജു എൻ ജോൺ മുഖ്യ പ്രഭാഷണ സന്ദേശം നടത്തി. തുടർന്ന് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നഴ്സുമാർക്കും സർട്ടിഫിക്കറ്റും മെഡലും ലെൻസ് ആൻഡ് വിഷന്റെ ഉപഹാരവും നൽകി.
ഇടവക സെക്രട്ടറി എൽദോ അരുൺ ജോസഫ് ആശംസകളും കോഓർഡിനേറ്റർ ദീപു എൽദോസ് നന്ദിയും പറഞ്ഞു.
NRI
അബുദാബി: എത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാർക്ക് ഇനി മുതൽ മൂന്നു കിലോ വരെ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകുന്നതിന് അവസരം ഒരുങ്ങി. അബുദാബി സിറ്റി, മുസഫ, അലൈൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൊറാഫിക്ക് സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങളിൽ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കുന്ന യാത്രക്കാർക്കാണ് ടിക്കറ്റ് അനുസരിച്ചുള്ള ബാഗേജ് അലവൻസിനു പുറമെ മൂന്നു കിലോ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകുന്നതിന് അവസരം ലഭിക്കുക.
ഇതോടോപ്പം എത്തിഹാദ് ഗസ്റ്റ് കാർഡുള്ള യാത്രക്കാർക്ക് 1000 മൈൽസ് പോയിന്റുകൾ അധികമായി ലഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 വരെ യാത്ര ചെയ്യുന്നവർക്കാണ് അധിക ബാഗേജ് അലവൻസ് ലഭിക്കുക.
അബുദാബി സിറ്റിയിൽ മിന ക്രൂസ് ടെർമിനലിൽ 24 മണിക്കൂറും മുറൂർ റോഡിൽ മദിന സായിദ് ഷോപ്പിംഗ് മാളിന് എതിർ വശത്തുള്ള എത്തിഹാദ് ഓഫീസിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും സിറ്റി ചെക്ക് ഇൻ സൗകര്യം പ്രവർത്തിക്കുന്നുണ്ട്.
മുസഫ ഷാബിയ പതിനൊന്നിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അൽഐനിൽ കുവൈറ്റാറ്റ് ലുലുമാളിലുമാണ് സിറ്റി ചെക്ക് ഇൻ സൗകര്യമുള്ളത്. യാത്രയ്ക്കു 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം.
ലഗേജ് ഇവിടെ നൽകി ബോർഡിങ് പാസുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് നീണ്ട ക്യൂ ഒഴിവാക്കി സെക്യൂരിറ്റി പരിശോധനക്കായി നേരിട്ട് പോകാവുന്നതാണ്. മുതിർന്നവർക്കു 35 ദിർഹം, കുട്ടികൾക്ക് 25 ദിർഹം, രണ്ട് വയസിൽ താഴെയുള്ളവർക്കു 15 ദിർഹം എന്നിങ്ങനെയാണ് സേവന നിരക്ക്.
വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കാർക്ക് ആയാസരഹിതമായി യാത്രാ നടപടികൾ പൂർത്തിയാക്കാനും ലക്ഷ്യമിട്ടാണ് സിറ്റി ചെക്-ഇൻ സേവനം നടപ്പിലാക്കിയിരിക്കുന്നതു.
കൂടുതൽ വിവരങ്ങൾക്ക് www.morafiq.ae
International
അബുദാബി: യുഎഇയിലെ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ബറാക്ക ആണവനിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ സുരക്ഷാവലയത്തിന് പുറത്തുള്ള വൈദ്യുത ജനറേറ്ററിന് തീപിടിച്ചിരുന്നു.
ഇതേ തുടർന്ന് അബുദാബി സുരക്ഷാസേനയും അഗ്നിശമനവിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആണവനിലയത്തിന്റെ പ്രവർത്തനത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ബാറാക ആണവനിലയത്തിന് സമീപം ആക്രമണമുണ്ടാകുന്നത്.
NRI
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 16,17 തീയതികളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഐഐസി ഓപ്പൺ ചെസ് ടൂർണമെന്റ് വിജയകരമായി നടത്തുന്നതിനായി അബുദാബി ചെസ് അക്കാദമിയുമായി ധാരണയായി.
ഇതിനായുള്ള ധാരണാപത്രത്തിൽ അബുദാബി ചെസ് അക്കാദമിക്കാദാമി ജനറൽ മാനേജർ അഹമ്മദ് സദാഹും, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിനായി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞിയും ഒപ്പുവച്ചു.
NRI
അബുദാബി: സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽപ്പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇടവകപ്പെരുന്നാളായി ശനി, ഞായർ (ഏപ്രിൽ 25, 26) ദിവസങ്ങളിൽ ആചരിക്കുന്നു.
19ന് കൊടിയേറ്റ് കർമം നിർവഹിച്ച പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെസീനിയർ മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം നിർവഹിക്കുന്നതാണ്.
NRI
അബുദാബി: യേശുവിന്റെ പീഡാസഹനത്തിന്റെ സ്മരണകളുമായി അബുദാബിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദുഃഖവെള്ളി ആചരിച്ചു. രാവിലെ മുതൽ തുടങ്ങിയ പ്രത്യേക ശുശ്രൂഷകളിൽ ആയിരകണക്കിന് വിശാസികളാണ് എത്തിചേർന്നത്.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ദേവാലയത്തിന് അകത്തും പുറത്തും പ്രദക്ഷിണവും കുരിശു കുമ്പിടിലും നടന്നു. ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി വർഗീസ് മാത്യു മുഖ്യകാർമികത്വം വഹിച്ചു.
നിധിൻ മാത്യു, മാത്യു ജോൺ എന്നിവർ സഹകാർമികത്വവും നിരവ്വഹിച്ചു. ക്രമീകരണങ്ങൾക്ക് ട്രസ്റ്റി സാം ജി. ഡാനിയേൽ, സെക്രട്ടറി സന്തോഷ് ജോർജ്, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷകളിൽ കഞ്ഞി നേർച്ചയും ഒരുക്കിയിരുന്നു.
NRI
അബുദാബി: അയ്മനം കുടയംപടി സ്വദേശി സൂരജ് (43) അബുദാബിയിൽ അന്തരിച്ചു. പ്രണവം വീട്ടിൽ സി.കെ. സുധാകരന്റെയും സുഗതമ്മയുടെയും മകനാണ്.
ഭാര്യ: രേവതി. മകൻ: അമ്പാടി. സഹോദരൻ: സുഷജ് സുധാകർ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
International
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു. അവശിഷ്ടങ്ങൾ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര് സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
International
ദുബായ്: ഇറാനിൽനിന്ന് രാജ്യത്തിനുനേരേ അയച്ച ആറു ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അബുദാബിയിലെ അൽ ബാഹിയ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മിസൈൽ വീണ് പലസ്തീൻ പൗരൻ മരിച്ചു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. 145 പേർക്കു പരിക്കേൽക്കുകയും ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്നലെ മാത്രം ഒന്പത് മണിക്കൂറിനിടെ എത്തിയ 64 ഡ്രോണുകൾ സൗദി വ്യോമസേന വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ ഊർജനിലയങ്ങളെ ലക്ഷ്യംവച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പ്രത്യേകിച്ച് ഷൈബ എണ്ണപ്പാടത്തിനുനേരേ 70ലധികം ഡ്രോണുകൾ അയച്ചെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്പുതന്നെ റുബ് അൽ ഖാലി മണലാരണ്യത്തിന് മുകളിൽ വച്ച് സൈന്യം വെടിവച്ചിട്ടു.
കൂടാതെ റിയാദിന് കിഴക്ക് ഖർജിലുള്ള അമീർ സുൽത്താൻ എയർബേസ്, കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ റിഫൈനറി, റിയാദിലെ നയതന്ത്രപ്രതിനിധികളുടെ ക്വാർട്ടേഴ്സ്, യുഎസ് എംബസി എന്നിവിടങ്ങൾ ലക്ഷ്യമിട്ടു നടന്ന വിവിധ ആക്രമണശ്രമങ്ങളും പ്രതിരോധസേനയുടെ കരുത്തിൽ പരാജയപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സിവിലിയൻ പ്രദേശങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഖത്തർ ശൂറ കൗൺസിൽ ആരോപിച്ചു.
ആക്രമണങ്ങളിൽ 65 ശതമാനവും രാജ്യത്തെ ഊർജനിലയങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ, ഇത് ഖത്തറിന്റെ പരമാധികാരത്തിനുനേരേയുള്ള ലംഘനവും ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, ദേശീയ താത്പര്യങ്ങൾ എന്നിവയ്ക്കെതിരായ കടന്നുകയറ്റവുമാണെന്നും വ്യക്തമാക്കി.
ഇറാന്റെ ന്യായീകരണങ്ങളെ കൗൺസിൽ പൂർണമായും തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈയെടുത്ത രാജ്യമാണ് ഖത്തർ. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നിരിക്കേ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനാപരമാണെന്നും കൗൺസിൽ വ്യക്തമാക്കി.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരു ചരക്കു വിമാനം ഉൾപ്പെടെ 12 വിമാനങ്ങൾ ഇന്നലെ മധ്യപൂർവ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
കുവൈറ്റിലേക്കാണ് ചരക്കുവിമാനം പോയത്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽനിന്നു വിമാനങ്ങൾ സർവീസ് നടത്തിയത്.
14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തി.
District News
തൃപ്രയാർ: നാട്ടിക സെന്ററിനു പടിഞ്ഞാറ് വൈലി ക്ഷേത്രത്തിനു സമീപം അറയ്ക്കൽ രാജന്റെ മകൻ രാഹുൽ (34) അബുദാബിയിൽ അന്തരിച്ചു.
അബുദാബി ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോർ മാനജർ ആയിരുന്നു. സംസ്കാരം ഇന്നു രാവിലെ 10.30ന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ. അമ്മ: പ്രീതി. ഭാര്യ: സുജിമി. സഹോദരൻ: ഇന്ദ്രജിത്ത്.
International
മുസഫ: അബുദാബിയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. മുസഫയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഇറാന്റെ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും അബുദാബി അധികൃതർ വ്യക്തമാക്കി.
അതേസമയം യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ആരംഭിച്ച പ്രത്യാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ താത്കാലിക നേതൃത്വ സമിതി അംഗം ആയത്തൊള്ള അലിറെസ അറാഫി പറഞ്ഞു.
തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അലിറെസ അറാഫി നിലപാട് വ്യക്തമാക്കിയത്. പരമോന്നത് നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തസാക്ഷിത്വം ഇസ്ലാമിക് റിപ്പബ്ലിക്കിനെ കൂടുതൽ അന്തസിലേക്കും ഉന്നതമായ ലക്ഷ്യങ്ങളിലേക്കും നയിക്കുന്ന ചാലകശക്തിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖമനയ്യുടെ വേർപാട് രാജ്യത്തിന് വലിയ നഷ്ടമാണെങ്കിലും, അത് വിപ്ലവത്തിന്റെ പാതയിൽ ഇറാനെ തളർത്തില്ല. മറിച്ച്, കൂടുതൽ ഗാംഭീര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഇത് ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് അറാഫി പറഞ്ഞു.
നേതാക്കളുടെ രക്തസാക്ഷിത്വം വിപ്ലവത്തിന്റെ അടിത്തറയെ കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുക. ശത്രുക്കളുടെ നീക്കങ്ങൾ ഇറാനിയൻ ജനതയുടെ പ്രതിരോധ വീര്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ കരുതലും ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ടുള്ള "മദർ ഓഫ് ദ് നേഷൻ എൻഡോവ്മെന്റ്' പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹത്തിന്റെ (ഏകദേശം 371 കോടി രൂപ) സഹായം കൈമാറി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താത്പര്യപ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതി, അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി, ഭാവി സുരക്ഷിതമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
റംസാൻ കാലത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ കാരുണ്യസ്പർശം യുഎഇയിലെ കുടുംബ - ശിശുക്ഷേമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്നു.
അബുദാബി ആസ്ഥാനമായി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.
അനേകം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി ഔഖാഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
International
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്. നേരത്തെ മൂന്ന് കുട്ടികൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അപകടത്തില് പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
NRI
അബുദാബി: സിഎസ്ഐ ഇടവക സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള് ശുശ്രൂഷ ശനിയാഴ്ച ഏഴ് മുതൽ അബുമുരൈഖയിലെ ദേവാലയത്തിൽ നടത്തപ്പെടും.
സിഎസ്ഐ സഭയുടെ മുന് മോഡറേറ്ററും മധ്യ കേരള മഹാ ഇടവകയുടെ മുന് ബിഷപ്പുമായിരുന്ന തോമസ് കെ. ഉമ്മൻ മുഖ്യാതിഥിയായിരിക്കും.
ചെറിയാൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗം ഗായക സംഘം പ്രമുഖ സംഗീതജ്ഞരുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങൾ ആലപിക്കും.
ഫോർ പാർട്സ് ഹാർമണിയുടെ മാന്ത്രിക സ്പര്ശം വിളിച്ചോതുന്ന ഗാനശുശ്രൂഷയില് ജൂണിയർ ക്വയറും ഭാഗമാകും.
ക്രമീകരണങ്ങൾ പൂര്ത്തിയാവുന്നതായി ഇടവക വികാരി റവ. ബിജു കുഞ്ഞുമ്മൻ അറിയിച്ചു.
International
അബുദാബി: റഷ്യയും അമേരിക്കയും അബുദാബിയിൽ യുക്രെയ്ൻ സമാധാന പദ്ധതി ചർച്ച ചെയ്തു. യുക്രെയ്നുമായി ജനീവയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് അമേരിക്കൻ പ്രതിനിധികൾ അബുദാബിയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ ആണ് അമേരിക്കയെ പ്രതിനിധീകരിച്ചത്. റഷ്യയിൽനിന്ന് ആരാണു പങ്കെടുത്തതെന്നറിയില്ല.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാനപദ്ധതി റഷ്യക്ക് അനുകൂലമാണെന്ന വിമർശനം ശക്തമാണ്. പദ്ധതി അംഗീകരിക്കാൻ യുക്രെയ്ൻ വൈമനസ്യം കാട്ടുന്നതായും റിപ്പോർട്ടുണ്ട്. ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ യുക്രെയ്ൻ പ്രതിനിധികളെയും കാണുമെന്നാണു സൂചന.
റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കണം എന്നതടക്കം 28 നിർദേശങ്ങളാണു പദ്ധതിയിലുള്ളത്. പദ്ധതി അംഗീകരിക്കാൻ അമേരിക്ക യുക്രെയ്നുമേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. പദ്ധതി ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ട്രംപുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ പദ്ധതിയിലെ പല നിർദേശങ്ങളിലും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്നെ അടിയറവ് പറയിച്ചുകൊണ്ടല്ല സമാധാനം സ്ഥാപിക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അഭിപ്രായപ്പെട്ടു. ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശം യുക്രെയ്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം തുടരുന്നു
ഇതിനിടെ, റഷ്യയും യുക്രെയ്നും പരസ്പരം വ്യോമാക്രമണം തുടരുകയാണ്. റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ റോസ്തോവിൽ മൂന്നു പേരും കൊല്ലപ്പെട്ടു.
NRI
അബുദാബി: ഗൾഫ് നാടുകളിലെ ഈ വർഷത്തെ ഓണസദ്യകൾക്ക് പരിസമാപ്തി കുറിച്ച് കേരള സോഷ്യൽ സെന്റർ ഓണസദ്യ സംഘടിപ്പിച്ചു. അംഗങ്ങളുടെ നേതൃത്വത്തിൽ പാചകവിദഗ്ധൻ ഉണ്ണികൃഷ്ണൻ പൂക്കോട്ട്കാവുമായി ചേർന്നാണ് ഭക്ഷണം പാചകം ചെയ്ത് വിളമ്പിയത്.
നൂറുകണക്കിന് ആളുകൾ ഓണസദ്യയിൽ പങ്കാളികളായി. സി.കെ. ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഓണസദ്യയുടെ ഒരുക്കങ്ങൾ നടത്തിയത്.
സെന്റർ പ്രസിഡന്റ് ടി.കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ അനീഷ് ശ്രീദേവി തുടങ്ങി മാനേജിംഗ കമ്മിറ്റി അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
NRI
അബുദാബി: രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മതപരമായ ആഘോഷങ്ങൾ ഒരുമിച്ചാഘോഷിക്കുന്നതുകൊണ്ടാണ് വർഗീയ സംഘർഷങ്ങളും സംഘട്ടനങ്ങളുമില്ലാത്ത പ്രദേശമായി കേരളം മാറിയതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ.
കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷവും സെന്ററിന്റെ പ്രവർത്തനവർഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയുടെ അടിത്തറ സുശക്തമായതുകൊണ്ടാണ് കേരളത്തിൽ എത്രശ്രമിച്ചിട്ടും വർഗീയത വേര് പിടിക്കാത്തത്. ശ്രീനാരായണഗുരുവും അയ്യൻകാളിയും സഹോദരനയ്യപ്പനും വക്കം മൊയ്തു മൗലവിയും കുര്യാക്കോസ് ഏലിയാസ് ചവറയും അബ്ദുറഹിമാൻ സാഹിബും ഇഎംഎസും തുടങ്ങി എണ്ണമറ്റ നവോഥാനനായകർ ഉഴുതുമറിച്ച ഭൂമികയിൽ അത്രപെട്ടെന്നൊന്നും വർഗീയത വേര് പിടിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ആമ്പൽ വിദ്യാർഥിനി സാമിയ സുരേഷ് ചൊല്ലിക്കൊടുത്ത, എം. ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ സദസ് ഏറ്റുചൊല്ലി. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ലോക കേരള സഭാംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, മലയാളം മിഷൻ യുഎഇ കോഓർഡിനേറ്റർ കെ.എൽ. ഗോപി, അബുദാബി ചാപ്റ്റർ ചെയർമാൻ എ.കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, ഫ്രണ്ട്സ് ഓഫ് എഡിഎംഎസ് ജനറൽ സെക്രട്ടറി അനൂപ ബാനർജി, സെന്റർ വനിതാവിഭാഗം കൺവീനർ ആതിര നായർ, ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീർ, സെക്രട്ടറി റാഹേൽ എറിക് എന്നിവർ ആശംസകൾ നേർന്നു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പുറത്തിറക്കിയ ഡയറിയുടെ പ്രകാശനം യുഎഇ ചാപ്റ്റർ കോഓർഡിനേറ്റർ കെ. എൽ ഗോപി അഡ്വ. ഹരീഷ് വാസുദേവനു നൽകി നിർവഹിച്ചു.
മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോളതല കാവ്യാലാപനമത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാപ്റ്റർതല മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും പ്രസ്തുത വേദിയിൽ വച്ച് വിതരണം ചെയ്തു.
Sports
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് (ഐപിഎല്) ട്വന്റി-20 ക്രിക്കറ്റിന്റെ 2026 എഡിഷനിലേക്കുള്ള മിനി താരലേലം അബുദാബിയില്വച്ചു നടക്കും.
ഡിസംബര് 19 ആണ് ലേല തീയതി. എന്നാല്, ഇക്കാര്യങ്ങള് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2026 മിനി ലേലം ഇന്ത്യയില്വച്ചു നടന്നേക്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് സീസണ് ലേലവും ഗള്ഫ് നാടുകളിലാണ് നടന്നത്. 2023 ലേലം ദുബായിലും 2024 ലേലം ജിദ്ദയിലുമായിരുന്നു.
നിലനിര്ത്താം
2025 മെഗാ ലേലത്തിനുശേഷമുണ്ടായ ദൗര്ബല്യങ്ങള് നികത്താനാണ് 2026 മിനി ലേലത്തിലൂടെ ഐപിഎല് ഫ്രാഞ്ചൈസികള് ശ്രമിക്കുക. 2026 ഐപിഎല് പദ്ധതിയില് ഇല്ലാത്ത കളിക്കാരെ ഒഴിവാക്കാന് ഫ്രാഞ്ചൈസികള്ക്കുള്ള അവസാന ദിനം ഈ മാസം 15 ആണ്. ടീമുകള് ഇതിനോടകം ഇന്റര് ട്രേഡിംഗ് ആരംഭിച്ചിട്ടുണ്ട്.
ഠാക്കൂര്, അര്ജുന്
മുംബൈ/ലക്നോ: ഇന്നലെ നടന്ന നീക്കത്തില് പേസ് ഓള്റൗണ്ടര് ഷാര്ദുള് ഠാക്കൂര് മുംബൈ ഇന്ത്യന്സില് ചേര്ന്നു. രണ്ടു കോടി രൂപയ്ക്ക് ലക്നോ സൂപ്പര് ജയന്റ്സില്നിന്നാണ് ഠാക്കൂറിനെ മുംബൈ ഇന്ത്യന്സ് സ്വന്തമാക്കിയത്. 2025 മെഗാ ലേലത്തില് ആരും സ്വന്തമാക്കാതിരുന്ന കളിക്കാരനായിരുന്നു ഷാര്ദുള്. മൊഹ്സിന് ഖാന് പരിക്കേറ്റു പുറത്തായതോടെ പകരക്കാരനായി ലക്നോ ഷാര്ദുളിനെ സ്വന്തമാക്കുകയായിരുന്നു.
അര്ജുന് തെണ്ടുല്ക്കറിനെ ലക്നോയ്ക്കു കൈമാറാന് മുംബൈ ഇന്ത്യന്സും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. 2021 മുതല് മുംബൈ ഇന്ത്യന്സിന്റെ ഭാഗമാണ് സച്ചിന് തെണ്ടുല്ക്കറിന്റെ മകനായ അര്ജുന്. അര്ജുനെ 30 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണില് മുംബൈ ഇന്ത്യന്സ് സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മറ്റൊരു സ്വാപ് ഡീലില് വെസ്റ്റ് ഇന്ഡീസ് ബാറ്റര് ഷെര്ഫെയ്ന് റൂഥര്ഫോഡ് ഗുജറാത്ത് ടൈറ്റന്സില്നിന്ന് മുംബൈ ഇന്ത്യന്സിലേക്കെത്തി. 2.6 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് റൂഥര്ഫോഡിനെ സ്വന്തമാക്കിയത്.
വാട്സണ് കെകെആറില്
കോല്ക്കത്ത: ഓസ്ട്രേലിയന് മുന് പേസ് ഓള്റൗണ്ടര് ഷെയ്ന് വാട്സണ് അസിസ്റ്റന്റ് കോച്ചായി കോല്ക്കത്ത നൈറ്റ് റൈഡേഴ്സില് (കെകെആര്) ചേര്ന്നു. ടീമിന്റെ മുഖ്യപരിശീലകന് അഭിഷേക് നായരാണ്. മെന്റര് ഡ്വെയ്ന് ബ്രാവോയും.
വാട്സണ് ഐപിഎല് കോച്ചിംഗ് സംഘത്തില് ഉള്പ്പെടുന്നത് ഇതു മൂന്നാം തവണയാണ്. 2002, 2023 സീസണുകളില് ഡല്ഹി ക്യാപ്പിറ്റല്സില് റിക്കി പോണ്ടിംഗിന്റെ അസിസ്റ്റന്റായിരുന്നു വാട്സണ്.
NRI
അബുദാബി: സ്തനാർബുദ ബോധവത്കരണം പ്രമേയമാക്കുന്ന വനിതകളുടെ സംഗമം ലോക റിക്കാർഡ് പട്ടികയിൽ ഇടം പിടിക്കുന്നു. ഞായറാഴ്ച നാലിന് അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടക്കുന്ന വനിതാ സംഗമമാണ് ഐൻസ്റ്റീൻ വേൾഡ് റിക്കാർഡ് പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നത്.
ഐഎസ്സിയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറമാണ് രണ്ട് തലമുറയിലെ ആയിരത്തിയഞ്ഞൂറോളം വനിതകൾ അണിനിരക്കുന്ന ബോധവത്കരണ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
സ്നാർബുദ ബോധവത്കരണ പ്രചരണത്തിൽ ലോകത്തെ ഏറ്റവും വലിയ അമ്മ - മകൾ സംഗമം എന്ന വിഭാഗത്തിലാണ് ഐഎസ്സി വനിതാ സംഗമം റിക്കാർഡ് നേട്ടം കൈവരിക്കുകയെന്ന് വിമൻസ് ഫോറം കൺവീനറും ഐഎസ്സിയുടെ ജനറൽഗവർണറുമായ ഡോ. ശ്രീദേവി ശിവാനന്ദം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ഞൂറിലധികം അമ്മമാർ അവരുടെ മകൾക്കൊപ്പം പിങ്ക് വസ്ത്രങ്ങളണിഞ്ഞു സംഗമത്തിൽ പങ്കെടുത്തു കൊണ്ട് സ്നാർബുദ ബോധവത്കരണ പ്രതിജ്ഞ എടുക്കും. സോഷ്യൽ മീഡിയയിലുള്ള പ്രചരണത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന വനിതകൾ സെൽഫികൾ പോസ്റ്റ് ചെയ്യുകയും പ്രചരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും.
ഐഎസ്സി പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി പി. സത്യബാബു, ട്രഷറർ ടി.എൻ. കൃഷ്ണൻ, എന്റർടൈൻമെന്റ് സെക്രട്ടറി കെ.ടി.പി. രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
അബുദാബി: മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത്(6) ആണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ശനിയാഴ്ച 6.30 മുതൽ അൽ വഹ്ദ മാളിലെ ഗ്രാൻഡ് അരീന ഇവന്റ്സ് സെന്ററിൽ നടക്കും.
അലുമ്നി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിക്കും.
മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിക്കും.
മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ള പൂർവ വിദ്യാർഥികൾക്ക് 050 151 9671 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
കണ്ണൂർ: മലയാളിയും എഴുത്തുകാരിയുമായ ഡോക്ടറെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയും തളാപ്പ് സ്വദേശിനി ഡോ. അരയാക്കണ്ടി ധനലക്ഷ്മിയാണ് (54) മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബുദാബിയിലെ ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു.
പത്തു വർഷമായി അബുദാബിയിൽ ജോലി ചെയ്തുവരികയാണ്. അബുദാബി മലയാളി സമാജം അംഗവും പ്രവാസി മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകയുമാണ്. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. നേരത്തെ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
പഴയകാല പ്രമുഖ സ്വകാര്യ ബസ് കന്പനിയായിരുന്ന ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ പരേതനായ നാരായണൻ-ചന്ദ്രമതി ദന്പതികളുടെ മകളാണ്. സുജിത്താണ് ഭർത്താവ്. ഇദ്ദേഹം നാട്ടിലാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.